കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സോണി സെബാസ്റ്റ്യൻ. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് സജീവ് ജോസഫ്. സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. പ്രതിഷേധിക്കാൻ തന്നെയാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പ് പരസ്യ പ്രതിഷേധം നടത്തിയിരുന്നു. സോണി സെബാസ്റ്റ്യനെ മൽസരിപ്പിക്കണം എന്നതാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ‘സജീവ് ജോസഫ് വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരിക്കൂർ ടൗണിൽ എ ഗ്രൂപ്പ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിന് എതിരെ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് എ ഗ്രൂപ്പ് നടത്തിയ രാപ്പകൽ സമര പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ്പ് പ്രവർത്തകരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും ഇത് അവഗണിച്ച് സജീവ് ജോസഫിന് തന്നെ സീറ്റ് നൽകിയതിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്.
Also Read: മൽസരിക്കാൻ താൽപര്യമില്ല; വടകരയിൽ കെകെ രമ പിൻമാറി







































