‘ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ‘ മൂന്നാം വര്‍ഷത്തിലേക്ക്

By Desk Reporter, Malabar News
balussery panchayath clean kerala team
ഹരിത കര്‍മ്മസേനക്കുള്ള യൂണിഫോം വിതരണച്ചടങ്ങില്‍ നിന്ന്
Ajwa Travels

കോഴിക്കോട്: പ്രകൃതിയോടിണങ്ങിയ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാന്‍ ബാലുശ്ശേരി പഞ്ചായത്തിന് തുണയായ ‘ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ‘ പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നു.

2018ലാണ് ഹരിതകര്‍മ്മ സേനയെ ഉള്‍പ്പെടുത്തി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. നിലവില്‍ 17 പേരടങ്ങിയ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ടൗണ്‍ ഉള്‍പ്പെടുന്ന പഞ്ചായത്തായ ബാലുശ്ശേരിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കടുത്ത വെല്ലുവിളിയായിരുന്ന ഘട്ടത്തിലാണ് ടൗണ്‍ കേന്ദ്രീകരിച്ച് 3 വനിതകള്‍ അടങ്ങുന്ന സംഘം മാലിന്യങ്ങള്‍ ശേഖരിക്കാനും തരം തിരിച്ചു കൈമാറാനും തുടങ്ങിയത്.

പിന്നീട് 2017-18 വര്‍ഷമാണ് പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 4 വനിതകള്‍ ടൗണില്‍ നിന്നും 13 പേര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

കടകളിലെ പ്ലാസ്റ്റിക്കിന്റെ തോത് അനുസരിച്ച് മൂന്നു വിഭാഗങ്ങളായാണ് ഇവ തരംതിരിച്ചത്. 100, 150, 200 രൂപ വീതം മാസം തോറും കടകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് അനുസരിച്ച് ഈടാക്കിയിരുന്നു. വാര്‍ഡുകളില്‍ ചക്കൊന്നിന് 40 രൂപ നിരക്കിലാണ് പ്ലാസ്റ്റിക് ശേഖരിച്ചിരുന്നത്. ഇത് സൂക്ഷിക്കാനും ഷ്‌റെഡ്ഡിംഗ് നടത്തുവാനുമായി 8 മുറികള്‍ അടങ്ങിയ കെട്ടിടം സ്റ്റേഡിയത്തിനരികില്‍ തന്നെ പഞ്ചായത്ത് വക അനുവദിച്ചു. ഇവിടെയുള്ള ഷ്‌റെഡ്ഡിംഗ് മെഷീന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് പൊടിയാക്കി മാറ്റുകയും സമീപപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റോഡ് നിര്‍മ്മാണത്തിന് കൈമാറുകയും ചെയ്യുന്നു. ഇതിലൂടെ പഞ്ചായത്തിന് അധിക വരുമാനവും ലഭിക്കുന്നു. ബാക്കി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ക്ലീന്‍ കേരളയാണ് ഇവിടെ നിന്നുംശേഖരിക്കുന്നത്.

Balussery News: ബാലുശ്ശേരിയുടെ ‘കിനാവ്’ യാഥാര്‍ഥ്യത്തിലേക്ക്

കടകള്‍, വീടുകള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഈടാക്കുന്ന കളക്ഷന്‍ ഫീ ഹരിതകര്‍മ്മ സേനയിലെ അംഗങ്ങള്‍അടങ്ങിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടകണക്കുകള്‍ കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് പദ്ധതിയെ സുതാര്യമാക്കുന്നു. ഈ ഫണ്ടില്‍ നിന്നാണ് തൊഴിലാളികള്‍ക്കുള്ള ഓണറേറിയം നല്‍കുന്നത്. 300 രൂപയാണ് ഇവര്‍ക്ക് ഒരു ദിവസത്തേക്ക് ലഭിക്കുന്നത്. ഞായറാഴ്ച ഒഴികെ മറ്റുള്ള ദിവസങ്ങളിലെല്ലാം ഇവര്‍ രംഗത്തുണ്ടാവും.

രണ്ട് ലക്ഷം രൂപയോളമാണ് വര്‍ഷം തോറും പദ്ധതിക്ക് വേണ്ടി പഞ്ചായത്ത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നത്. തിരുവനന്തപുരത്ത് വച്ചു നടന്ന സംസ്ഥാനതല പരിപാടിയില്‍ പഞ്ചായത്തിന്റെ പദ്ധതികള്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. 2019ലെ ഹരിത സംഗമ പുരസ്‌കാരവും പഞ്ചായത്തിന് ലഭിച്ചു.

കേവലം സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമല്ല ഇവര്‍ നടത്തുന്നത്. സാമൂഹ്യ സേവനം എന്ന കാഴ്ചപാടിലൂന്നി മുന്നോട്ട് പോവുകയാണിവര്‍. നിലവില്‍ 13 പേരാണ് സ്ഥിരമായി പ്രവര്‍ത്തിക്കുന്നത്. ഇവരൊക്കെയും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട് തന്നെ മേഖലയിലേക്ക് ഇറങ്ങിയവരാണ്.

balussery clean kerala staff _ Malabar News
ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍

രാധമണി, ഗില്‍ന, സരസുലത, ഗീത, ബീന, ബീജ, ഗീത, ഉഷ, സുബിത, ലസിത, സ്മിത, ലീല, സുമതി എന്നിവരാണ് നിലവില്‍ പദ്ധതിക്ക് കീഴില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്ക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉറച്ച പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

‘സാമ്പത്തിക നേട്ടം മാത്രമായിരുന്നില്ല ഈ ജോലി തിരഞ്ഞെടുക്കാന്‍ ഞങ്ങളെയെല്ലാം പ്രേരിപ്പിച്ചത്, ഇതൊരു സാമൂഹിക സേവനം കൂടിയാണല്ലോ. പിന്നെ, പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹകരണം ഏറെ സന്തോഷം നല്‍കുന്നതാണ്. കോവിഡ് കാലത്തും ജോലി തുടരാന്‍ ഞങ്ങള്‍ക്ക് തുണയായത് ഈ സഹകരണമാണ്, എല്ലാവരും നല്‍കുന്ന പരിഗണന ഞങ്ങള്‍ക്ക് ആത്മവിശ്വാസവും കരുത്തും നല്‍കി ‘ ഹരിത കര്‍മ്മ സേനയിലെ അംഗമായ ഗില്‍ന മലബാര്‍ ന്യൂസിനോട് പറഞ്ഞു.

ഇതിന് പുറമേ വാര്‍ഡ് തലത്തില്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമങ്ങളും സജീവമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകള്‍ അടക്കം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതി ‘ഹരിത മംഗല്യം’ എന്നാണ് അറിയപ്പെടുന്നത്.

balussery panchayath clean kerala team
പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം

‘കാലങ്ങളായി പഞ്ചായത്ത് നേരിടുന്ന ഗുരുതരമായ വിഷയമെന്ന നിലയിലാണ് മാലിന്യപ്രശ്‌നം ഞങ്ങള്‍ ഏറ്റെടുക്കുന്നത്, ടൗണ്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ മാലിന്യശേഖരണം വലിയ വെല്ലുവിളിയായിരുന്നു, മൂന്നു വര്‍ഷമായി വളരെ മികച്ച രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ട് കൊണ്ടുപോകുന്നു. തുടര്‍ന്നും ഇത്തരം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് തീരുമാനം ‘ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രൂപലേഖ മലബാര്‍ ന്യൂസിനോട് പറഞ്ഞു.

Balussery News: ബാലുശ്ശേരിയുടെ ‘കിനാവ്’ യാഥാര്‍ഥ്യത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE