കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും രണ്ട് ബൈക്കുകളും സൈക്കിളുമാണ് തീവച്ച് നശിപ്പിച്ചത്.
പുലർച്ചെ 1.15നാണ് സംഭവം. വീടിന്റെ ജനാലക്കും തീപടർന്നു പിടിച്ച് ചില്ലുകൾ തകർന്നു. അകത്തേക്ക് തീ പടരുന്നതിനു മുൻപ് വീട്ടുകാർ ഉണർന്നതിനാൽ ഗ്യാസ് സിലിണ്ടറിൽ തീ പടരുന്നത് ഒഴിവായി. അയൽവാസികളാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് തീയണച്ചു.
എന്നാൽ, അപ്പോഴേക്കും ബൈക്കുകളും സൈക്കിളും പൂർണമായും കത്തി നശിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ്–ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. ഇൻസ്‌പെക്‌ടർ ജി ഗോപകുമാർ, എസ്ഐ എ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിൽ എത്തി പരിശോധന നടത്തി. എഎൻ ഷംസീർ എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി എംസി പവിത്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.
Also Read: മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം






































