ഒല്ലൂർ: തൃശൂർ മരത്താക്കര പുഴമ്പള്ളത്ത് ദേശീയപാതയിൽ പച്ചക്കറി ലോറിയിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലർച്ചെ മൂന്നിനാണു സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂർ പൊലീസിൽ പരാതി നൽകി. ‘ഇലക്ഷൻ അർജന്റ്’ വ്യാജ ബോർഡ് വച്ച് കാറിലെത്തിയ സംഘമാണ് പണം തട്ടിയത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നു മൂവാറ്റുപുഴയിലേക്ക് പോയ പച്ചക്കറി ലോറിയിൽ നിന്നാണു പണം നഷ്‌ടപ്പെട്ടത്. ഇത്രയും വലിയ തുക ലോറിയിൽ കൊണ്ടുപോയതിലും സംശയമുണ്ട്. മാത്രമല്ല പണം നഷ്‌ടപ്പെട്ട വിവരം പൊലീസിൽ അറിയിക്കാതെ ജീവനക്കാർ നേരേ മൂവാറ്റുപുഴക്കു പോകുകയും ശേഷം വാഹന ഉടമ പരാതി നൽകുകയുമാണ് ഉണ്ടായത്.
ലോറിക്കു മുൻപിൽ കാർ നിർത്തിയ ശേഷം പരിശോധനക്കെന്ന വ്യാജേന ജീവനക്കാരെ വിളിച്ചിറക്കുകയും കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. അൽപ സമയത്തിനു ശേഷം ലോറിക്കരികിൽ ജീവനക്കാരെ തിരിച്ചിറക്കി വിട്ടെങ്കിലും ലോറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തിയെന്നാണ് പരാതി.
Read also: ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ







































