കോഴിക്കോട് : ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം വഴി പണം നഷ്‌ടപ്പെടുന്നതായി പരാതികൾ കൂടുന്നു. കഴിഞ്ഞ ദിവസം എഞ്ചിനിയറിംഗ് വിദ്യാർഥിനി മേപ്പയിൽ സ്വദേശി അപർണയുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്‌ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് നിരവധി പരാതികളാണ് ഇതേ രീതിയിൽ പണം നഷ്‌ടമായതായി അറിയിച്ചു കൊണ്ട് പോലീസിന് ലഭിച്ചത്. ഏകദേശം 10 പേർക്ക് ഇത്തരത്തിൽ പണം നഷ്‌ടമായിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
വടകര പുതിയാപ്പ് മലയിൽ പിഎം തോമസിന്റെ അക്കൗണ്ടിൽ നിന്ന് 40,000 രൂപയാണ് നഷ്‌ടപ്പെട്ടത്. ഇത്രയധികം തുക ഒരുമിച്ചു പിൻവലിക്കുമ്പോൾ എസ്ബിഐയിൽ നിന്നും ഇടപാടുകാർക്ക് ഒടിപി നമ്പർ മെസേജ് വരുന്നതാണ്. എന്നാൽ അത്തരത്തിൽ മെസേജ് വന്നിട്ടില്ലെന്നും, പണം പിൻവലിച്ചതായുള്ള സന്ദേശമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്‌ടമായതോടെ എടിഎം അക്കൗണ്ടിന്റെ പിൻ നമ്പർ മാറ്റുന്നത് ഉചിതമാവുമെന്ന് പോലീസ് അറിയിച്ചു.
കൂടാതെ എടിഎം കൗണ്ടറുകളിൽ പിൻ നമ്പർ അടിക്കുമ്പോഴും, കടകളിലും മറ്റും കാർഡ് ഇടപാടുകൾ നടത്തുമ്പോഴും പിൻ നമ്പർ ക്യാമറകളിൽ പതിയാത്ത രീതിയിൽ മറച്ചു പിടിക്കണമെന്നും പോലീസ് വ്യക്‌തമാക്കി. വടകര മേഖലയിൽ ഈ രീതിയിൽ പണം നഷ്‌ടപ്പെട്ട പരാതി വ്യാപകമായ സാഹചര്യത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also : ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും






































