പാലക്കാട് : ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ) കോടതി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 2 വർഷം തടവും അനുഭവിക്കണം. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 7 വർഷം തടവും 25,000 രൂപ പിഴ അടക്കാനും, പിഴ അടക്കാത്ത പക്ഷം ഒരു വർഷം തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്.
കുമ്പളംചോലയിൽ മേപ്പാട്ട് മാധവന്റെ മകൻ രതീഷ്(22) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. 2011 മാർച്ച് 3നാണ് കേസിനാസ്‌പദമായ സംഭവം. പൂർവവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് വ്യക്‌തമാക്കി. പൊറ്റശ്ശേരി സ്‌കൂളിനു മുൻവശം ഹരിദാസ് സ്‌മാരകത്തിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന സമയത്താണ് രതീഷിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.
മണ്ണാർക്കാട് സിഐമാരായ കെഎ സുരേഷ് ബാബു, സിനോജ് ശിവദാസൻ എന്നിവരാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സിഐ എം കൃഷ്‌ണനായിരുന്നു. കേസിൽ 22 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിതനായ അഡ്വക്കേറ്റ് ആർ ആനന്ദാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
Read also : ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി






































