ഗുവാഹത്തി: ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്‌തതായി ആക്‌ടിവിസ്‌റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍ഐഎ കസ്‌റ്റഡിയിലിരിക്കെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിൽ പറയുന്നു.
‘എന്‍ഐഎ ആസ്‌ഥാനത്ത്, എന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത പുതപ്പാണ് എനിക്ക് നല്‍കിയത്. 3-4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടി വന്നു. ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു,’ ഗൊഗോയി കത്തിൽ പറയുന്നു. എന്നാല്‍ താൻ ആര്‍എസ്എസില്‍ ചേരില്ലെന്ന് പറഞ്ഞപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നാലും മതിയെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായി ഗൊഗോയി കൂട്ടിച്ചേർത്തു.
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഏറ്റവും ശക്‌തനായ ബിജെപി ഇതര സ്‌ഥാനാർഥിക്ക് വോട്ടു ചെയ്യണമെന്ന് നേരത്തെ മറ്റൊരു കത്തിൽ അദ്ദേഹം അസമിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുകയാണ് അഖിൽ ഗൊഗോയി.
Read also: അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ