കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് സിഎഎ ആക്‌ടിവിസ്‌റ്റും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയി. ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശ്രമമെന്ന് അഖിൽ ഗൊഗോയി പറഞ്ഞു.
“ജയിലില്‍ നിന്നിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അസമില്‍ തൃണമൂല്‍ പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കാമോ എന്ന് എന്നോട് അന്ന് ചോദിച്ചിരുന്നു. അക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഞാനും എന്റെ പാര്‍ട്ടിയും ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ല”- അഖില്‍ ഗൊഗോയി പറഞ്ഞു.
രാജ്യം കടന്നു പോകുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്‌ഥ സാഹചര്യത്തിലൂടെ ആണെന്നും അതിനാല്‍ അടിയന്തരാവസ്‌ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അഖില്‍ ഗൊഗോയി പറഞ്ഞു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് അഖില്‍ ഗൊഗോയി വിജയിച്ചത്. ബിജെപി സ്‌ഥാനാർഥി സുരഭി രജ്‌കോന്‍വാരിയെ 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗൊഗോയി പരാജയപ്പെടുത്തിയത്.
2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. യുഎപിഎ നിയമപ്രകാരമെടുത്ത രണ്ടുകേസുകളിലും അഖില്‍ ഗൊഗോയി കുറ്റക്കാരനല്ലെന്ന് ഗുവഹാത്തിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ഇദ്ദേഹം ജയിൽ മോചിതനായത്.
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്‌ഥാനാർഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജയിലിൽ വെച്ചുതന്നെ അഖില്‍ ഗൊഗോയി തന്റെ ജനങ്ങൾക്ക് കത്തെഴുതിയിരുന്നു.
Read also: പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ് അരുൺ മിശ്രയുടെ പേരും