ചെന്നൈ: പരാജയം ഒന്നിന്റയും അവസാനമല്ലെന്ന് എംകെ. സ്റ്റാലിൻ. ഡിഎംകെ പലതവണ അധികാരത്തിൽ വന്നിട്ടുണ്ട്. പാർട്ടി കാണാത്ത പരാജയങ്ങളില്ല. ഇതുകൊണ്ടൊന്നും ആർക്കും പാർട്ടിയെ തോൽപ്പിക്കാൻ കഴിയില്ലെന്നും എംകെ. സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ടതിന് പിന്നാലെയാണ് സ്റ്റാലിൻ എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
”ഡിഎംകെ ആറുതവണ അധികാരത്തിലിരുന്ന പാർട്ടിയാണ്. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടി സഖാക്കൾ”- എംകെ. സ്റ്റാലിൻ പറഞ്ഞു.
73കാരനായ സ്റ്റാലിൻ ഏഴുതവണ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് നാലുതവണയും കൊളത്തൂരിൽ നിന്ന് മൂന്നുതവണയുമാണ് അദ്ദേഹം വിജയിച്ചിട്ടുള്ളത്. 2021ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിൻ, 35 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.
സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വിഎസ്. ബാബുവിനോടാണ് തോറ്റത്. തമിഴ്നാട് രാഷ്ട്രീയത്തിൽ സ്റ്റാലിൻ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഉദിച്ചുയർന്നത്. കന്നിയങ്കത്തിൽ തന്നെ 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Most Read| ‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ




































