അസമിൽ മമതയുടെ നിർണായക നീക്കം; അഖിൽ ഗൊഗോയിയുമായി കൂടിക്കാഴ്‌ച നടത്തി

By Syndicated , Malabar News
Mamata_Akhil

ഗുവാഹത്തി: ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തി സിബ്‌സാഗർ എംഎൽഎയും പൗരത്വ സമര നായകനുമായ അഖിൽ ഗൊഗോയി. അസമിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ മമതാ ബാനർജി ക്ഷണിച്ച സാഹചര്യത്തിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.

ആർഎസ്എസിനെതിരായ പോരാട്ടങ്ങളുടെ മുഖമാണ് മമതാ ബാനർജി എന്ന് അഖിൽ ഗൊഗോയി പറഞ്ഞു കൂടാതെ മമതയെ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അസമിൽ തൃണമൂൽ കോൺഗ്രസിന്റെ സാരഥ്യം ഏറ്റെടുക്കുമോ എന്നത് ഗൊഗോയി വ്യക്‌തമാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് ജയിലിലായിരുന്ന ഗൊഗോയി പുറത്തിറങ്ങിയതിന് പിന്നാലെ രണ്ടുതവണ കൊൽക്കത്തയിലെത്തി മമതയെ സന്ദർശിച്ചിരുന്നു

രാജ്യം കടന്നു പോകുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്‌ഥ സാഹചര്യത്തിലൂടെ ആണെന്നും അതിനാല്‍ അടിയന്തരാവസ്‌ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അഖില്‍ ഗൊഗോയി പറഞ്ഞിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളെ തുടർന്ന് ജയിലിലായിരുന്ന സമയത്ത് നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് അഖില്‍ ഗൊഗോയി വിജയിച്ചത്. ബിജെപി സ്‌ഥാനാർഥി സുരഭി രജ്‌കോന്‍വാരിയെ 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗൊഗോയി പരാജയപ്പെടുത്തിയത്.

2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. യുഎപിഎ നിയമപ്രകാരമെടുത്ത രണ്ടുകേസുകളിലും അഖില്‍ ഗൊഗോയി കുറ്റക്കാരനല്ലെന്ന് ഗുവഹാത്തിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ഇദ്ദേഹം ജയിൽ മോചിതനായത്.

Read also: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ഹോട്ടൽ കെട്ടിടം തകർന്നുവീണു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE