തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. ഇതിനായി തിരക്കിട്ട ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും.
എല്ലാ റിപ്പോർട്ടുകളും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് വിഡി. സതീശൻ, രമേശ് ചെന്നിത്തല, കെസി. വേണുഗോപാൽ ക്യാമ്പുകൾ. ഫ്ളക്സുകൾ സ്ഥാപിച്ചും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടും അനുകൂല തരംഗമുണ്ടാക്കാൻ നേതാക്കളുടെ ക്യാമ്പുകൾ ശ്രമിക്കുന്നുണ്ട്.
കെസിക്ക് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് മാത്യു കുഴൽനാടനും എപി. അനിൽകുമാറും. എംഎൽഎമാരിൽ ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണെന്നതാണ് കെസി പക്ഷത്തിന്റെ ആത്മവിശ്വാസം. എംഎൽഎമാരിൽ എണ്ണം കുറവ് സതീശൻ ക്യാമ്പിലാണ്. മുഹമ്മദ് ഷിയാസും എൻ. ശക്തനും ഉൾപ്പെടെയുള്ളവരാണ് സതീശനുവേണ്ടി പരിശ്രമിക്കുന്നത്.
സീനിയോറിറ്റി പരിഗണിക്കപ്പെടുന്ന പക്ഷം കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ. അതേസമയം, രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഡെൽഹിയിൽ എത്തി. എൻജിഒ അസോസിയേഷൻ നേതാക്കൾ ഉൾപ്പടെ വലിയ സംഘമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.
ഇന്നലെ ഡെൽഹിയിലെത്തിയ കെസി. വേണുഗോപാലിനും വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ചൊവ്വാഴ്ച പറവൂരിലെത്തിയ സതീശന് റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത് വൻ വരവേൽപ്പായിരുന്നു. ഇന്ന് രാവിലെ ടിജെ. വിനോദും ദീപക് ജോയിയും സതീശനെ കാണാൻ ആലുവയിലെ വീട്ടിൽ എത്തിയിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകൾ, തദ്ദേശ തിരഞ്ഞെടുപ്പ്, ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ മികച്ച പ്രകടനം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുണയാകുമെന്നാണ് വിഡി. സതീശൻ ക്യാമ്പ് വിശ്വസിക്കുന്നത്.
അതേസമയം, എഐസിസി നിയമസഭാ കക്ഷിയോഗം നാളെ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഉടൻ കേരളത്തിലെത്തും. മുഖ്യമന്ത്രി വിഷയത്തിൽ ഓരോ എംഎൽഎമാരുടെയും എംപിമാരുടെയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടും. എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും





































