ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ 3 കാർഷിക നിയമങ്ങൾ കത്തിച്ച് കർഷകരുടെ ഹോളിക ദഹൻ ആഘോഷം. ഡെൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്. വിറകും ചാണക വറളിയും കത്തിച്ചാണ് ഹോളിക ദഹൻ ആഘോഷിക്കുന്നത്. ഹോളിയുടെ ആദ്യദിവസമാണ് ഇത് ആഘോഷിക്കുക.
നാട്ടിലേക്ക് മടങ്ങാതെ അതിർത്തിയിൽ തന്നെയാണ് കർഷകർ ഹോളി ആഘോഷവും സംഘടിപ്പിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെയും വിളകൾക്ക് അടിസ്‌ഥാന താങ്ങുവില ഏർപ്പെടുത്താതെയും പ്രക്ഷോഭത്തിൽ നിന്ന് പിൻമാറില്ലെന്ന് സംയുക്‌ത കിസാൻ മോർച്ച ആവർത്തിച്ചു.
ഏപ്രിൽ 5ന് എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) ബച്ചാവോ ദിവസ് ആചരിക്കുമെന്നും സംഘടന അറിയിച്ചു. കൂടാതെ ഏപ്രിൽ 5ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ എഫ്‌സിഐ ഉപരോധിക്കുകയും ചെയ്യും.
അടിസ്‌ഥാന താങ്ങുവിലയും പൊതുവിതരണ സംവിധാനവും ഇല്ലതാക്കാൻ പല തരത്തിലുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഫ്‌സിഐക്ക് അനുവദിക്കുന്ന തുകയും കേന്ദ്രം വെട്ടിക്കുറച്ചു. അടുത്തിടെ വിളകൾ വാങ്ങുന്നതിനുള്ള എഫ്‌സിഐയുടെ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തുകയും ചെയ്‌തു, കർഷക സംഘടനകൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
Read also: കന്യാസ്‍ത്രീകളെ ആക്രമിച്ച സംഭവം; പിയുഷ് ഗോയലിനെതിരെ കെസിബിസി







































