ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കുംഭമേള. ചടങ്ങിന് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടന്നത്. ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നു എങ്കിലും പോലീസ് പരിശോധന കാര്യക്ഷമമായി നടത്തിയില്ലെന്നും റിപ്പോർട്ടുണ്ട്.
കുംഭമേളയ്‌ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാനിനായി 28 ലക്ഷം ഭക്‌തരാണ് തിങ്കളാഴ്‌ചയോടെ എത്തിച്ചേർന്നത്. ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കുക പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പ്രായോഗികമല്ല.
മാത്രമല്ല തെർമൽ സ്‌ക്രീനിങ്ങും നടന്നില്ല. ഭക്‌തരാരും മാസ്‌കും ശരിയായ വിധത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മേളയുടേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും ഇക്കാര്യം വ്യക്‌തമാണ്.
അതേസമയം പരിശോധനയ്‌ക്ക് വിധേയമാക്കിയത് 18,169 ഭക്‌തരെയാണ്. ഇതിൽ 102 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കുംഭമേളയുമായി ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ ഒരുലക്ഷത്തിലേറെ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്.
Read Also: തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്








































