കൊച്ചി: ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുള്ള നഷ്‌ടപരിഹാര തുക വെട്ടിക്കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ബൈക്കിൽ സഞ്ചരിക്കവെ ഹെൽമെറ്റ് ധരിച്ചില്ല എന്നത് യാത്രക്കാരന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ചയായി വിലയിരുത്തി തിരൂർ വാഹനാപപകട നഷ്‌ടപരിഹാര ക്‌ളെയിം ട്രൈബ്യൂണൽ (എംഎസിടി) പുറപ്പെടുവിച്ച ഉത്തരവാണ് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ റദ്ദാക്കിയത്. നഷ്‌ടപരിഹാര തുക പലിശയടക്കം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
മലപ്പുറം മറ്റത്തൂർ സ്വദേശി മുഹമ്മദ് കുട്ടി 2007 ഓഗസ്‌റ്റ് 8നാണ് അപകടത്തില്‍ മരിക്കുന്നത്. മുഹമ്മദ് കുട്ടി മകന്റെ ബൈക്കിനു പിന്നിലിരുന്ന് പോകുമ്പോൾ എതിരെ വന്ന ടാറ്റ സുമോ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഷ്‌ട പരിഹാരമായി 30.37 ലക്ഷം രൂപ എംഎസിടി നിശ്‌ചയിച്ചെങ്കിലും ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന നിയമം പാലിച്ചില്ലെന്നാരോപിച്ച് 20 ശതമാനം വെട്ടിക്കുറച്ച് 26.43 ലക്ഷമാക്കിയാണ് എഎംസിടി വിധി പ്രസ്‌താവിച്ചത്. ഇതിനെതിരെയാണ് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജയും മക്കളും ഹൈക്കോടതിയെ സമീപിച്ചത്.
ബൈക്കിന് പിന്നിലിരുന്ന മുഹമ്മദ് കുട്ടി ഹെൽമെറ്റ് ധരിച്ചില്ല എന്നത് കൊണ്ടുമാത്രം നിയമലംഘനം നടത്തിയെന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹെൽമെറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഓരോ കേസിലും വസ്‌തുതകൾ പരിശോധിച്ചു വിലയിരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് നഷ്‌ടപരിഹാര തുക കോടതി പുനർ നിശ്‌ചയിക്കുകയും ബന്ധുക്കൾക്ക് 25.66 ലക്ഷം രൂപ 7.5 ശതമാനം പലിശ സഹിതം നൽകാൻ നിർദ്ദേശിക്കുകയും ചെയ്‌തു
അതേസമയം, നഷ്‌ടപരിഹാരം കുറക്കാനാവില്ലെന്ന വിധി ഹെൽമെറ്റ് ധരിക്കാതെ ബെക്കിൽ യാത്ര ചെയ്യാനുള്ള ലൈസൻസല്ലെന്നും ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 129 കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്‌തമാക്കി.
Also Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി ബസ് ഉടമകൾ








































