വയനാട് : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വിലയിടിവിൽ വലഞ്ഞ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം വരെ മികച്ച രീതിയിൽ ഉയർന്നു നിന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. ഇത് വലിയ രീതിയിൽ കർഷകർക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വിലയിടിവ് ഉണ്ടായതെന്നാണ് കർഷകർ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസം വരെ കിലോക്ക് 40 രൂപ വരെയായിരുന്നു നേന്ത്രക്കുലകളുടെ വില. എന്നാൽ വിലയിൽ പെട്ടെന്ന് ഉണ്ടായ കുറവ് വിളവെടുക്കാനിരിക്കുന്ന കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വിളവെടുപ്പിന്റെ ആരംഭത്തിൽ തന്നെ 40 രൂപ വരെ എത്തി നിന്നത് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷവും വലിയ നഷ്‌ടം നേരിട്ട മേഖലയിൽ ഇത്തവണ ഉണ്ടായ വിലവർധന ഗുണം ചെയ്യുമെന്ന് കരുതിയ സമയത്താണ് അപ്രതീക്ഷിത വിലയിടിവ് ഉണ്ടായത്.
രാത്രികാല കർഫ്യൂ കാരണം ഇവിടെ നിന്നു കയറ്റിപ്പോകുന്ന വാഴക്കുല ഇറക്കാൻ സാധ്യമല്ലാത്തതിനാൽ യാത്രാ ചെലവ് കൂടിയതാണ് നിലവിൽ വില കുറയാൻ ഇടയാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിളവെടുപ്പ് അടുത്തതോടെ ഇനി വരുന്ന ഏത് നിയന്ത്രണങ്ങളും കർഷകരെ വൻ തോതിൽ ബാധിക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷവും വാഴക്കുല വിപണി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇത്തവണയും ഇത് തുടർന്നാൽ കോടികളുടെ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.
Read also : വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു







































