കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം

By Team Member, Malabar News
mask
Ajwa Travels

കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന വലിയ ആശങ്കകൾ നമുക്ക് ചുറ്റും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക്.

രോഗവ്യാപനം ഇത്രയധികം രൂക്ഷമായി തുടരുമ്പോഴും, ആളുകൾ പലപ്പോഴും മാസ്‌ക് ധരിക്കുന്നത് പോലീസിനെ ഭയന്നോ, പിഴയൊടുക്കാതിരിക്കാനോ വേണ്ടിയാണ്. അതിനാൽ ആദ്യം നമ്മൾ മാറ്റേണ്ടത് മാസ്‌ക് ധരിക്കാനുള്ള വിമുഖതയാണ്.

പുറത്തു പോകുമ്പോഴും മറ്റും പേരിന് വേണ്ടി മാസ്‌ക് ധരിക്കുമെങ്കിലും നന്നായി ശ്വാസമെടുക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഒക്കെ മാസ്‌ക് ഒരല്‍പം താഴ്‌ത്തി വെക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ഒരൊറ്റ പ്രവൃത്തിയിലൂടെ കോവിഡ് വൈറസിന് നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഒരുക്കി നൽകുന്നത്. അതിന് പ്രധാന കാരണം വൈറസ് വ്യാപനം ഏറ്റവും എളുപ്പത്തിൽ നടക്കുന്നത് മൂക്കിലൂടെ ആണെന്നതാണ്. അതിനാൽ തന്നെ മാസ്‌ക് തോന്നിയ രീതിയിൽ വെക്കാതെ, ശരിയായ രീതിയിൽ വെക്കേണ്ടത് അനിവാര്യമാണ്.

നമുക്ക് കംഫർട്ടബിൾ ആയിട്ടുള്ള മാസ്‌ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലൂടെ മാസ്‌ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ തടയാനും കഴിയും. ഏറ്റവും നല്ലതും ശ്വസന തടസമുണ്ടാക്കാത്തതും തുണികൾ കൊണ്ടുള്ള മാസ്‌ക് തന്നെയാണ്. ഇവ വീണ്ടും ഉപയോഗിക്കാനും സാധിക്കും. മാസ്‌ക് പ്രധാനമായും മൂന്ന് പാളികൾ ഉള്ളതായിരിക്കണമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌. പുറം പാളി വെള്ളം പുരണ്ടാൽ നനയാത്ത തരം (water-resistant) തുണി കൊണ്ടുളളതായിരിക്കണം. നടുവിലത്തെ പാളി ഒരു അരിപ്പ (filter) പോലെ പ്രവർത്തിക്കണം. ഏറ്റവും ഉള്ളിലത്തെ പാളി ആകട്ടെ വെള്ളം വലിച്ചെടുക്കുന്നത് (water- absorbent ) ആയിരിക്കണം.

mask2

ഇനി മാസ്‌ക് ധരിക്കുന്നതിലൂടെ എങ്ങനെയാണ് രോഗവ്യാപനം ഒഴിവാക്കാൻ സാധിക്കുകയെന്ന് നോക്കാം. പ്രധാനമായും രണ്ട് തരത്തിലാണ് മാസ്‌ക് രോഗവ്യാപനം തടയുന്നത്.

1) രോഗലക്ഷണം ഇല്ലാത്ത രോഗവാഹകരിൽ നിന്നും മറ്റുള്ള ആളുകളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ സാധിക്കും.

2) മാസ്‌ക് ധരിക്കുന്ന ആൾക്ക് സമ്പർക്കം ഉണ്ടാകുന്ന സാഹചര്യത്തിലും, മാസ്‌ക് ധരിച്ചിരിക്കുന്നതിനാൽ അയാളിലേക്ക് കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ തോത് വളരെ കുറവായിരിക്കും. അങ്ങനെയുള്ള ആളുകൾക്ക് രോഗം സ്‌ഥിരീകരിച്ചാലും തീവ്രത വളരെ കുറഞ്ഞ വൈറസ് ബാധയായിരിക്കും ഉണ്ടാകുക. അതിനാൽ തന്നെ അത്തരക്കാർക്ക് വലിയ സങ്കീർണതകൾ ഇല്ലാതെ രോഗമുക്‌തി നേടാനും സാധിക്കും.

നിലവിൽ വിവിധ തരത്തിലുള്ള മാസ്‌കുകൾ നമുക്കിന്ന് ലഭ്യമാകുന്നുണ്ട്. N95, FFP 2, 3, സർജിക്കൽ മാസ്‌കുകൾ, തുണി കൊണ്ടുള്ള മാസ്‌കുകൾ എന്നിങ്ങനെ നിരവധി തരത്തിലുള്ള മാസ്‌കുകൾ പ്രചാരത്തിലുണ്ട്. N95, FFP എന്നീ മാസ്‌കുകൾ ഉള്ളിലേക്കെടുക്കുന്ന വായുവിനെ ശുദ്ധീകരിക്കാറുണ്ട്. എന്നാൽ ഇവ ധരിക്കുന്ന കോവിഡ് ബാധിതനായ ഒരു വ്യക്‌തിക്ക്‌ ചുറ്റുമുള്ള ആളുകളിലേക്ക് വൈറസിനെ വ്യാപിപ്പിക്കാൻ സാധിക്കും. അതിനാൽ തന്നെ ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവൺമെന്റ് വ്യക്‌തമാക്കിയിട്ടുണ്ട്‌. അതേസമയം തന്നെ അകത്തേക്കും പുറത്തേക്കുമുള്ള ശ്വാസത്തെ ശുദ്ധീകരിക്കുന്ന സർജിക്കൽ മാസ്‌കുകൾ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇവ ഒരു തവണ ഉപയോഗിച്ച ശേഷം കൃത്യമായി സംസ്‌കരിക്കേണ്ടതും അനിവാര്യമാണ്.

ഇത് കൂടാതെ കോട്ടൺ, ഷിഫോൺ തുടങ്ങിയ തുണികളുടെ മാസ്‌കും വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇത് കഴുകി വൃത്തിയാക്കിയ ശേഷം ആവർത്തിച്ചും ഉപയോഗിക്കാമെന്നതിനാൽ മലിനീകരണം തടയുന്നതിനും സഹായിക്കും. അതേസമയം തന്നെ പ്ളാസ്‌റ്റിക് വസ്‌തുക്കൾ കൊണ്ടുള്ള മാസ്‌കുകൾ കൃത്യമായി സംസ്‌കരിക്കാത്ത സാഹചര്യങ്ങളിൽ അവ ജലസ്രോതസുകളിൽ ഉൾപ്പടെ എത്തി വൈറസ് വ്യാപനം കൂട്ടാനും സാധ്യത കൂടുതലാണ്.

മാസ്‌ക് ധരിക്കുന്നത് വളരെ പ്രധാനമാണെന്ന് പറയുന്നത് പോലെ, മാസ്‌ക് കൃത്യമായി ധരിക്കുകയെന്നതും വളരെ പ്രധാനമാണ്. ഇതിനായി മാസ്‌ക് ധരിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നാമോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

1) മാസ്‌ക് ധരിക്കുന്നതിന് മുൻപായി കൈകൾ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സോപ്പോ, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിക്കാവുന്നതാണ്.

2) ഉപയോഗിക്കുന്നതിന് മുൻപായി മാസ്‌ക് കേടുപാടുകൾ സംഭവിക്കാത്തത് ആണെന്ന് ഉറപ്പ് വരുത്തണം.

3) ശേഷം മുഖവും, മൂക്കും നന്നായി മൂടത്തക്ക വിധത്തിൽ മാസ്‌ക് ധരിക്കുക. മാസ്‌കിനും മുഖത്തിനും ഇടയിൽ വിടവ് ഇല്ലെന്ന് ഉറപ്പ് വരുത്തുക.

4) മാസ്‌ക് ധരിച്ചു കഴിഞ്ഞാൽ അതിന്റെ പുറം പാളിയിൽ കൈകൾ കൊണ്ട് തൊടാതിരിക്കുക. ഏതെങ്കിലും വിധത്തിൽ വൈറസ് വ്യാപനം നടന്നാൽ അവ മാസ്‌കിന്റെ പുറം പാളിയിലായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. കൈകൾ കൊണ്ട് സ്‌പർശിച്ചാൽ അവ നമ്മളിലേക്ക് എളുപ്പത്തിൽ വ്യാപിക്കും. അഥവാ മാസ്‌കിന്റെ പുറം പാളിയിൽ കൈകൾ കൊണ്ട് തൊട്ടാൽ ഉടൻ തന്നെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

mask4

മാസ്‌ക് ധരിക്കുമ്പോൾ നാം എത്രത്തോളം ശ്രദ്ധ നൽകിയോ, അതുപോലെ തന്നെ പ്രധാനമാണ് മാസ്‌ക് മുഖത്ത് നിന്ന് മാറ്റുമ്പോൾ നൽകേണ്ട ശ്രദ്ധയും. മാസ്‌ക് ധരിച്ചതിന് ശേഷം നിരവധി ആളുകളോട് സമ്പർക്കം പുലർത്തുന്നതിനാൽ ഉപയോഗിച്ച മാസ്‌കുകൾ അശ്രദ്ധയോടെ മാറ്റുന്നതിന് ഇടയിലും രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഉപയോഗ ശേഷം മാസ്‌ക് മാറ്റുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1) മാസ്‌ക് ധരിക്കും മുൻപ് കൈകൾ വൃത്തിയാക്കുന്നതു പോലെതന്നെ മാസ്‌ക് ഊരും മുൻപും കൈകൾ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം.

2) മാസ്‌ക് ഊരുമ്പോൾ മാസ്‌കിന്റെ പുറം ഭാഗത്ത് തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെവിക്കു പുറകിൽ ഇലാസ്‌റ്റിക്കിൽ പിടിച്ച് ഊരുക.

3) മാസ്‌ക് ഊരിയ ശേഷം കൈകൾ നന്നായി കഴുകുക.

4) തുണി കൊണ്ടുള്ള മാസ്‌ക് ആണെങ്കിൽ കൈകൾക്കൊപ്പം മാസ്‌കും കഴുകുക. വെയിലത്ത് ഉണങ്ങാനിടുക.

സാനിറ്റൈസർ, ഹാൻഡ് വാഷ്, ശാരീരിക അകലം എന്നീ കോവിഡ് പ്രതിരോധ മാർഗങ്ങൾക്ക് ഒപ്പം മാസ്‌ക് കൂടി കൃത്യമായി ധരിച്ചാൽ രോഗവ്യാപനം നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. നിലവിൽ നമ്മുടെ സമൂഹം നേരിടുന്ന കോവിഡ് വൈറസെന്ന മഹാമാരിയെ ഇല്ലാതാക്കാൻ നാമോരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ കൃത്യമായി മാസ്‌ക് ധരിക്കുകയും, ഉപയോഗ ശേഷം അവ സംസ്‌കരിക്കുകയും ചെയ്യുക.

Read also : ഹൃദയസ്‌തംഭനം; അറിയാം കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE