ഹൃദയസ്‌തംഭനം; അറിയാം കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ

By Syndicated , Malabar News
heart attack
Ajwa Travels

നമ്മുടെ സംസ്‌ഥാനം ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി തെളിക്കുന്ന കാരണങ്ങൾ. കേരളത്തിലെ യുവാക്കളിൽ 30-40 വയസിൽ തന്നെ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരുന്നുണ്ട്.

ഹൃദയസ്‌തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്ക് രക്‌തം എത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസം വരുമ്പോഴാണ്. രക്‌ത ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്‌താണുക്കളും മറ്റും അടിഞ്ഞു കൂടുമ്പോഴാണ് രക്‌ത സഞ്ചാരത്തിൽ തടസമുണ്ടാകുന്നത്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്‌തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. എത്ര കൂടുതൽ സമയം ആർട്ടറി ബ്ളോക്ക് ആകുന്നോ ഹൃദയസ്‌തംഭനവും അത്രയും നേരം നീളുന്നു.

ഹൃദയസ്‌തംഭനം എങ്ങനെ തിരിച്ചറിയാം

നെഞ്ചുവേദന: ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. നെഞ്ചിന്റെ മധ്യഭാഗത്തു അനുഭവപ്പെടുന്ന വേദന കഴുത്തിലേക്കും തോളിലേക്കും ഇരുകൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കും. പുറംഭാഗത്തേക്കും പടരാനിടയുണ്ട്. മാത്രമല്ല, നെഞ്ചിൽ പുകച്ചിൽ, ഭാരം കയറ്റി വച്ച അവസ്‌ഥ, വരിഞ്ഞു മുറുക്കുന്ന അവസ്‌ഥ എന്നിവയൊക്കെ വേദന അനുഭവപ്പെട്ടു എന്നുവരാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഛര്‍ദിയും ലക്ഷണങ്ങളിൽ പെടുന്നു.

ശ്വാസം മുട്ടല്‍: ശ്വാസംമുട്ടലും ചുമയും ഉണ്ടായെന്നുവരാം. കിടക്കുമ്പോള്‍ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും എഴുന്നേറ്റിരിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നതും ഹൃദയപരാജയത്തെ തുടര്‍ന്നുള്ള ശ്വാസംമുട്ടലിന്റെ സവിശേഷതയാണ്. രാത്രിയില്‍ മയക്കത്തിനിടയില്‍ പെട്ടെന്ന് ശ്വാസം ലഭിക്കാതെ എഴുന്നേല്‍ക്കേണ്ടി വന്നേക്കാം.

ഓക്കാനവും ഛര്‍ദിയും: ഈ ലക്ഷണം ഉദരരോഗമായി തെറ്റിദ്ധരിക്കാറുണ്ട്. സ്‍ത്രീകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായി പ്രകടമാകാറ്. ഛര്‍ദിക്കൊപ്പം അസാധാരണമായ ക്ഷീണം, ശ്വാസംമുട്ടല്‍, തലചുറ്റല്‍ തുടങ്ങിയവ ഉണ്ടാകുന്നതും ഹൃദയാഘാത സൂചനയാകാം.

അമിത വിയര്‍പ്പ്: ശരീരമാസകലം പെട്ടെന്ന് വിയര്‍ത്തു കുളിക്കുന്നതും ശരീരം തണുത്തിരിക്കുന്നതും ഒരു ലക്ഷണമാണ്.

ബോധക്കേട്: പെട്ടെന്ന് ബോധക്ഷയം സംഭവിച്ചെന്നുവരാം. കുറച്ചുസമയം കഴിഞ്ഞ് ബോധം വീണ്ടെടുക്കുമെങ്കിലും ക്ഷീണം നീണ്ടുനിന്നേക്കാം.

ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ പകുതിയിലേറെയും ആദ്യ ഒരു മണിക്കൂറിനുള്ളിലാണ് സംഭവിക്കുന്നത്. തന്നെയുമല്ല ചികിൽസ ലഭിക്കാന്‍ കൂടുതല്‍ വൈകുന്തോറും ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമായി വരും. രോഗിയെ ഹൃദ്രോഗചികിൽസാ സംവിധാനങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുന്നതുവരെ ശാസ്‍ത്രീയമായി നല്‍കുന്ന ചില പ്രഥമശുശ്രൂഷാ നടപടികളിലൂടെ ഹൃദയപേശികള്‍ക്ക് ഉണ്ടാകുന്ന നാശം പരിമിതപ്പെടുത്താന്‍ സാധിക്കും.

പ്രഥമശുശ്രൂഷ എങ്ങനെ

ഹാര്‍ട്ട് അറ്റാക്ക് അനുഭവപ്പെടുന്ന വ്യക്‌തിയെ സമാശ്വസിപ്പിച്ച് കസേരയില്‍ ചാരിയിരുത്തുക. തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കണം. ഇറുകിക്കിടക്കുന്ന വസ്‍ത്രങ്ങള്‍ അയച്ചുകൊടുക്കണം. തളര്‍ന്ന് അവശനായി ഇരിക്കുകയോ കുഴഞ്ഞുവീഴുകയോ ചെയ്‌താൽ ഉടന്‍ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തണം. കാലിനടിയിലായി ഒരു തലയണവെച്ച് കാല്‍ഭാഗം ഉയര്‍ത്തിവെക്കുന്നത് തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം സുഗമമാക്കും. ബോധം വീണ്ടെടുക്കാനും ഇതുപകരിക്കും.

സിപിആർ അഥവാ കാര്‍ഡിയോപള്‍മോണറി റീസെസറ്റേഷന്‍

രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. ബോധക്ഷയമുണ്ടായ ആളിന്റെ നാവ് പുറകോട്ട് മറിഞ്ഞ് ശ്വാസതടസം ഉണ്ടാവാതിരിക്കാൻ കീഴ്‌ത്താടി അൽപം ഉയര്‍ത്തിപ്പിടിക്കണം. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി വലതുകൈപ്പത്തിയും ചേര്‍ത്തുവെക്കുക. കൈമുട്ടുകള്‍ മടക്കാതെ കൈകള്‍ നിവര്‍ത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്‌തിയായി താഴേക്കമര്‍ത്തണം. 5-6 സെന്റീമീറ്റര്‍ വരെ താഴുമ്പോള്‍ ഹൃദയം ഞെരുങ്ങി ഹൃദയ അറകളില്‍ ശേഖരിച്ചിരിക്കുന്ന രക്‌തം പുറത്തേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്.

നെഞ്ചില്‍ സമ്മര്‍ദം ഏൽപ്പിക്കുന്നതോടൊപ്പം രോഗിയുടെ വായിലേക്ക് ശക്‌തിയായി ഊതി കൃത്രിമശ്വാസവും നല്‍കണം. എന്നാല്‍ നെഞ്ചില്‍ അമര്‍ത്തുന്നതുകൊണ്ടു തന്നെ ഹൃദയം പ്രതികരിക്കുന്നുണ്ടെന്ന് കണ്ടാല്‍ കൃത്രിമശ്വാസം നിര്‍ബന്ധമില്ല. കാര്‍ഡിയാക് മസാജ് നല്‍കുമ്പോള്‍ ഒരു മിനിറ്റില്‍ 70-80 തവണയെങ്കിലും അമര്‍ത്തണം. രോഗിയുടെ പൾസ്‌ തിരിച്ചു കിട്ടുന്ന വരെയോ ആശുപത്രിയിൽ എതുന്ന വരെയോ സിപിആർ തുടരണം.

ഹാര്‍ട്ട് അറ്റാക്ക് തടയാം ജീവിത ശൈലിയിൽ മാറ്റം വരുത്താം

കൂടുതലായി ഭക്ഷണക്രമത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. നിത്യേനയുള്ള വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെയേറെ നല്ലതാണ്. വറുത്തതും ഉപ്പും മധുരവും ഉള്ള ഭക്ഷണം പ്രധാനമായും ഒഴിവാക്കണം. വെള്ളം ധാരാളമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. പുകവലിയുടെയും ആല്‍ക്കഹോളിന്റെയും ഉപയോഗം പരമാവധി കുറക്കണം.

ദിവസവും വ്യായാമം ചെയുക: എല്ലാ ദിവസവും കുറഞ്ഞതു അരമണികൂർ എങ്കിലും വ്യായാമം ചെയുക. വ്യായാമം ചെയ്യുന്നതു വഴി നിങ്ങളുടെ ശരീര ഭാരം കുറയുകയും, ശരീര ഭാരം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഹൃദയ രോഗങ്ങളെ തടയുവാനും സാധിക്കും. വീട്ടുജോലികൾ ചെയ്യുന്നത് വളരെ ഉപകാരപ്രദമാണ്. പൂന്തോട്ടം നനക്കുന്നതും വീട്ടിലെ പടികൾ കയറി ഇറങ്ങുന്നതും നല്ലതാണ് .

പുകവലി ഒഴിവാക്കുക: പുക വലിക്കുന്നവർക്ക് ഹൃദയ രോഗം വരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. പുകവലി മൂലം രക്‌തത്തിൽ ഉള്ള ഓക്‌സിജന്റെ അളവ് താഴും. ഇതു ഹൃദയ രോഗത്തിനു വഴി തെളിക്കും. മാത്രമല്ല പുകവലി വീട്ടിലെ കുഞ്ഞുങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനെയും മോശമായി ബാധിക്കും .

ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക: ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വീട്ടിൽ ഉണ്ടാകുന്ന പേരക്ക, പപ്പായ, ചക്ക, മാങ്ങ, പഴം തുടങ്ങിയവ കഴിക്കുക. കടയിൽ നിന്നും വാങ്ങുന്ന പഴവർഗങ്ങളിൽ കീടനാശിനി ഉപയോഗം ഉള്ളത് കൊണ്ട് അത് ഒഴിവാക്കാൻ ശ്രമിക്കുക. പരമാവധി പച്ചക്കറികൾ വീട്ടിൽ തന്നെ നാട്ടു വളർത്താൻ ശ്രമിക്കുന്നത് നല്ലതാണ്.

കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക. മൽസ്യം കറി ആയോ സെമി ഫ്രൈ ആയോ കഴിക്കാം. ബീഫ് ഫ്രൈ പൂര്‍ണ്ണമായും ഒഴിവാക്കുക ചിക്കന്‍ താറാവ് പോലുള്ള ഭക്ഷണങ്ങള്‍ ആഴ്‌ചയില്‍ മാക്‌സിമം ഒരു പ്രാവശ്യം ഉപയോഗിക്കാം. ബീഫ് മട്ടന്‍ ഇവ മാസത്തില്‍ ഒരു തവണയില്‍ കൂടുതലായി ഒരു കാരണവശാലും ഉപയോഗിക്കാതെ ഇരിക്കുക.

ആവശ്യത്തിനു ഉറങ്ങുക: 7 മുതൽ 9 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്‌മ, അമിത വണ്ണം, പ്രമേഹം, ഹൃദയാഘാതം എന്നിവക്ക് കാരണമാവും. അലാറം വെക്കാതെ തന്നെ നിങ്ങൾ എഴുന്നേൽക്കുകയും ഉണർവ് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിനു ഉറക്കം ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം. രാത്രി ഉറങ്ങുന്നതിനു കൃത്യമായി സമയം ശീലിക്കുക. നിങ്ങൾ കുറെ നേരം ഉറങ്ങുകയും, പകൽ സമയത്ത് ക്ഷീണം തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ ഡോക്‌ടറെ സമീപിക്കുന്നത് നല്ലതാണ്.

ശരീര ഭാരം നിലനിർത്തുക: അമിത വണ്ണം വരാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു വ്യക്‌തിയുടെ അഴകിന്റെയും ആരോഗ്യത്തിന്റെയും അളവാണ് ബോഡി മാസ് ഇന്‍ഡക്‌സ്. ഈ കണക്ക് പ്രകാരമുള്ള ശരീരഭാരം നിലനിർത്തുന്നതാണ് നല്ലത്. അമിത വണ്ണം പല രോഗങ്ങൾക്കും ഇടവരുത്തുന്നു. അമിത വണ്ണം ഉള്ളവർ കൂടുതൽ വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE