ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്

ഒക്‌ടോബര്‍ 29 അന്താരാഷ്‌ട്ര സ്‌ട്രോക്ക് ദിനമാണ്. 'നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിൽസ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം.

By Central Desk, Malabar News
World Stroke Day-Treatment in all districts-Veena George
Freepik Image
Ajwa Travels

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി നിലവിൽ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ‘ശിരസ്’ പദ്ധതിയുടെ ഭാഗമായാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിൽസക്കുള്ള അടിസ്‌ഥാന സൗകര്യ വികസനവും നടപ്പിലാക്കി വരുന്നുണ്ട്.

ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജുകള്‍ കൂടാതെ സ്‌ട്രോക്ക് ചികിൽസാ സൗകര്യമുള്ളത്.

സ്‌ട്രോക്ക് ചികിൽസക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ളാസിമിനോജന്‍ ആക്റ്റിവേറ്റര്‍( TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്‌സിഎല്‍ വഴി സംഭരിച്ച് വിതരണം ചെയ്‌ത്‌ വരുന്നു. സ്‌ട്രോക്ക് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്‌ടർമാര്‍ക്കും സ്‌റ്റാഫ്‌ നഴ്‌സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്‌റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് സവിശേഷ ട്രെയിനിങ് നൽകുന്നുണ്ട്. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി സ്‌ട്രോക്ക് ത്രോംബോലൈസിസ് ചികിൽസ നല്‍കിയിട്ടുണ്ട്.

സ്‌ട്രോക്കിന് സമയം വിലപ്പെട്ടത്

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിൽസ അത്യാവശ്യമാണ്. വായ കോടുക, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്‌ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിൽസ ലഭ്യമാക്കിയാൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിൽസ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിൽസ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടേക്കാം. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

Most Read: ആകാശത്ത് സുനാമിയോ? പേടി, അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE