ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പുഞ്ചകർമ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്‌തു.

By Trainee Reporter, Malabar News
Veena George
പൂജപ്പുര യോഗ പരിശീലന കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു
Ajwa Travels

തിരുവനന്തപുരം: ആയുർവേദ ചികിൽസയ്‌ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശികളടക്കം കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരെ ലക്ഷ്യം വെച്ചാണ് പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ തുടങ്ങുന്നതെന്നും, ഇതിനായുള്ള അടിസ്‌ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പുഞ്ചകർമ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചിലവഴിച്ചാണ് പൂജപ്പുര പുഞ്ചകർമ ആശുപത്രിയിൽ യോഗ പരിശീലന കേന്ദ്രവും വിശ്രമ മന്ദിരവും നിർമിച്ചത്. ഒരേസമയം 25 പേർക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. മതിയായ ടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം, രോഗ നിർമാർജനം എന്നിവക്കാണ് ഈ കാലഘട്ടത്തിൽ ആരോഗ്യമേഖല കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും വീണാ ജോർജ് വ്യക്‌തമാക്കി. നവകേരളം കർമപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള പത്ത് പ്രധാന പദ്ധതികളിൽ ജീവിതശൈലീ രോഗപ്രതിരോധം, കാൻസർ കെയർ പ്രോഗ്രാം, ഹെൽത്തി ലൈഫ് ക്യാമ്പയിൻ എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കർമ പദ്ധതികൾ ആവിഷ്‌കരിച്ചത്. അതിൽ ആയുഷ് മേഖലക്ക് വലിയ സ്‌ഥാനമാണുള്ളതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആയുർവേദ രംഗം ശക്‌തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക വർഷം ഒന്നിച്ച് 116 തസ്‌തികകൾ സൃഷ്‌ടിച്ചത്. കണ്ണൂരിലെ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെൻസറികൾ നടപ്പിലാക്കി. 510 ഡിസ്‌പെൻസറികളെ കൂടി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആകെ 600 ആയെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആയുഷ് രംഗത്ത് ഏറ്റവുമധികം ആളുകൾ ചികിൽസയ്‌ക്ക് എത്തുന്ന സംസ്‌ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരം ആണെന്നും വീണാ ജോർജ് വ്യക്‌തമാക്കി.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. ടിഡി ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജി ജയ്, സൂപ്രണ്ട് ഡോ. ആർഎസ് ഷിജി, പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനിയർ വിഎസ് അജിത് കുമാർ, സർവീസ് സംഘടനാ പ്രതിനിധികളായ ഡോ. സുനീഷ് മോൻ എംഎസ്, എംഎ അജിത് കുമാർ, ശരത്ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE