തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ- സിപിഎം വിമർശനത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എകെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എകെ ബാലൻ പ്രതികരിച്ചു. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർഥം അറിയില്ലെന്നും തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം വിമർശിച്ചിരുന്നു.
”എസ്എഫ്ഐയുടെ രക്‌തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സമ്മതിക്കില്ല. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനക്ക് കഴിയും. പ്രവർത്തനങ്ങളിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടിയെന്നും” കോൺഗ്രസിനെ ബാലൻ പരിഹസിച്ചു.
എസ്എഫ്ഐക്ക് അവരുടെ രാഷ്‌ട്രീയത്തിന്റെ, ആശയത്തിന്റെ ആഴം അറിയില്ലെന്നും അവരെ പഠിപ്പിക്കണം എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. പ്രതിപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ ശൈലി അല്ല. പ്രാകൃതമായ സംസ്‌കാരമാണ്. എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐയിൽ ഉള്ളവർ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ ചരിത്രം വായിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം വിമർശിച്ചിരുന്നു.
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യു- എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. കണ്ണൂരിൽ നിന്നുള്ള സ്വർണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനാമാണെന്ന വിമർശനവും ബിനോയ് വിശ്വം ഉയർത്തിയിരുന്നു.
Most Read| ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്‌റ്റാർമർ പ്രധാനമന്ത്രിയാകും








































