തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തട്ടിപ്പിന് തുടക്കമിട്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ എന്ന് റിമാൻഡ് റിപ്പോർട്. സ്വർണക്കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ പ്രസിഡണ്ട് നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടി കണ്ടെത്തി.
വ്യാഴാഴ്ചയാണ് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട് കോടതിയിൽ സമർപ്പിച്ചത്. ശബരിമലയിലെ സ്വർണക്കട്ടിളപ്പാളിയും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണക്കവചവും പോറ്റിക്ക് കൈമാറാനുള്ള നിർദ്ദേശം പത്മകുമാറിന്റേത് ആയിരുന്നു. തീരുമാനം ബോർഡ് അംഗങ്ങൾക്ക് മുന്നിൽവെച്ചതും പത്മകുമാറായിരുന്നു. 2019 ഫെബ്രുവരി മുതൽ പത്മകുമാർ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ, പത്മകുമാറിന്റെ നിർദ്ദേശത്തെ ബോർഡ് അംഗങ്ങൾ പൂർണമായും അംഗീകരിച്ചിരുന്നില്ല. ഇതിനിടെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയ്യാറാക്കുന്ന നടപടികൾ പത്മകുമാർ ആരംഭിച്ചിരുന്നു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനും മുകളിൽ ആരെങ്കിലും ഉണ്ടായിരുന്നോ, പോറ്റി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ യഥാർഥ സ്വർണപ്പാളികൾ എന്ത് ചെയ്തു എന്നിവയാണ് ഇനി എസ്ഐടിക്ക് മുന്നിലുള്ള സുപ്രധാന ചോദ്യങ്ങൾ. സ്വർണം ഉരുക്കിയെന്ന വാദം എസ്ഐടി അംഗീകരിക്കുന്നില്ല. ഇത് ആർക്കെങ്കിലും വിറ്റോ എന്ന് അറിയാനുള്ള ശ്രമത്തിലാണ് ഐഐടി.
അതേസമയം, കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സ്വർണപ്പാളികൾക്കായി ഉണ്ണിക്കൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
സർക്കാർ ഇടപെടൽ ഉണ്ടായോ എന്ന് പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചെയ്ത ശേഷം കടകംപള്ളിക്ക് നോട്ടീസ് നൽകാനാണ് ആലോചന. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചു. പോറ്റിയുടെ കൊള്ളയെ കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിന് കൈമാറുക മാത്രമാണോ ചെയ്തത് എന്നീ കാര്യങ്ങൾ പരിശോധിക്കും.
Most Read| യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം, മെമു റദ്ദാക്കി








































