തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു പോയാൽ പോരേയെന്നുമാണ് വിജയരാഘവന്റെ ന്യായീകരണം. തൃശൂർ കീച്ചേരിയിൽ കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു ഈ വിചിത്രവാദം.
”റോഡ് സൈഡിൽ സിപിഎം പൊതുയോഗം വെച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീം കോടതിയിലേക്ക് പോയിരിക്കുന്നു. പബ്ളിസിറ്റിക്ക് വേണ്ടിയാണ് കേസ് കൊടുക്കുന്നത്. എന്തൊരു ട്രാഫിക് ജാം എന്നായിരുന്നു പറഞ്ഞിരുന്നത്. അല്ലെങ്കിൽ ട്രാഫിക് ജാം ഇല്ലേ?. ഇവരെല്ലാവരും കൂടി കാറിൽ കയറിപോകേണ്ട കാര്യമുണ്ടോ? പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്‌ഥലം മതി. പക്ഷേ പത്ത് കാറിന് പോകാൻ എത്ര സ്‌ഥലം വേണം?”- വിജയരാഘവൻ ചോദിച്ചു.
”പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്‌ഥലം പോയില്ലേ. 25 കാർ പോകുമ്പോൾ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം”- വിജയരാഘവൻ പറഞ്ഞു.
”കാർ എടുത്ത് അമ്മായിയമ്മയെ കാണാൻ പോവുകയാണ് ചിലർ. സല്ലപിച്ച് വർത്തമാനം പറഞ്ഞാണ് പോകുന്നത്. അത്യാവശ്യത്തിനുള്ള കാർ യാത്രയൊക്കെ കുറവായിരിക്കും. കാർ ഉള്ളവർ കാറിൽ പോകുന്നത് പോലെ, പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള അവകാശം അനുവദിച്ച് നൽകണമെന്ന് അഭ്യർഥിക്കുകയാണ്. ചിലർ ഇറങ്ങിയിട്ടുണ്ട്, എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
സിപിഎം പ്രവർത്തിക്കുന്നത് സോഷ്യലിസം സ്‌ഥാപിക്കുന്നതിനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്‌ടിക്കാൻ, സാമൂഹ്യ മാറ്റത്തിന്റെ പതാകയും ഏന്തിയാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ജാഥ പോകുന്നത്. ഇന്നില്ലെങ്കിൽ നാളെ ഈ ലോകത്തെ മോചിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പ്രവർത്തനം. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കലരുന്നത് കൂടിയാണ് കമ്യൂണിസ്‌റ്റ് സമ്മേളനങ്ങൾ”- വിജയരാഘവൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈ മാസം അഞ്ചിന് വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ച് സ്‌റ്റേജ് കെട്ടിയതാണ് വിവാദമായത്. സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു. പിന്നാലെ, സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു.
പാർട്ടി സമ്മേളനത്തിന് റോഡ് അടച്ചു സ്‌റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെ ഉണ്ടായിട്ടും ഇതെല്ലാം നഗ്‌നയായി ലംഘിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്‌തമാക്കിയ കോടതി, ആരാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാഞ്ഞിരുന്നു.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ








































