തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്‌ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ മൊഴി.
എ. പത്‌മകുമാർ പ്രസിഡണ്ടായിരുന്ന ഭരണസമിതിയിൽ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്‌തിപരമായി അടപ്പമുണ്ടായിരുന്നില്ലെന്നും ശബരിമലയുടെ പേരിൽ യാതൊരു സാമ്പത്തിക ലാഭവും താൻ നേടിയിട്ടില്ലെന്നുമാണ് ശങ്കരദാസിന്റെ മൊഴി.
2019ൽ ശബരിമല ശ്രീകോവിലിന്റെ സ്വർണ കട്ടിളപ്പാളിയും ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതിൽ സംശയം തോന്നിയിരുന്നില്ല. സ്വർണത്തിന്റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വർണം പൂശണമെന്നുമുള്ള ഉദ്യോഗസ്‌ഥരുടെ റിപ്പോർട് ബോർഡ് അംഗീകരിക്കുകയായിരുന്നു എന്നുമാണ് ശങ്കരദാസ് മൊഴി നൽകിയത്.
ശങ്കരദാസിനൊപ്പം ബോർഡ് അംഗമായിരുന്ന എൻ. വിജയകുമാറിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്‌മകുമാറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. അതേസമയം, പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ചു തെളിവെടുക്കാനും സാധ്യതയുണ്ട്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































