കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്‌ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് കോടതി നടപടി.
റിപ്പോർട് സമർപ്പിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് നിർദ്ദേശം നൽകി. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് 2018 ജൂലൈ രണ്ടിന് കൊല്ലപ്പെട്ടത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കോളേജിലെ പ്രവേശനോൽസവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. തുടർന്ന് 2018 സെപ്‌തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
ഇതിനെതിരെയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽ നിന്ന് നഷ്‌ടമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്‌ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളേജിലെ അന്നുണ്ടായിരുന്ന വിദ്യാർഥികളാണ്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു