അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് അബുദാബി. 72 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടം നേടിയില്ല. ഇന്ത്യക്കൊപ്പം തന്നെ പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നും അബുദാബിയിൽ എത്തുന്ന ആളുകൾക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നും അബുദാബിയിൽ എത്തുന്നവർക്ക് 10 ദിവസമാണ് ക്വാറന്റെയ്ൻ.
ഗ്രീൻ രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ എടുത്ത യാത്രക്കാർ അബുദാബി വിമാനത്താവളത്തിലും, 6ആം ദിവസവും പിസിആർ പരിശോധന നടത്തണം. വാക്സിൻ എടുക്കാത്ത ആളുകൾ ഇതിന് പുറമെ 9ആം ദിവസവും പരിശോധന നടത്തേണ്ടതാണ്. എന്നാൽ ഈ രണ്ട് വിഭാഗത്തിൽ ഉള്ളവർക്കും ക്വാറന്റെയ്ൻ ഉണ്ടായിരിക്കില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധന ഫലം ഹാജരാക്കണം. കൂടാതെ 4, 8 ദിവസങ്ങളിൽ പരിശോധനയും ക്വാറന്റെയ്നൊപ്പം ഉണ്ടായിരിക്കും.
സന്ദർശകർ അൽഹൊസൈൻ ആപ് ഡൗൺലോഡ് ചെയ്യണം. പിസിആർ ടെസ്റ്റ് ഫലം ആപ്പിൽ ലഭിച്ചാൽ 7 ദിവസത്തേക്ക് ഗ്രീൻ പാസ് ലഭിക്കും. അബുദാബിയിൽ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് നിർബന്ധമാണ്.
Read also: ‘വൃത്തിയുടെ നഗരം’; സ്വരാജ് ട്രോഫി പുരസ്കാരം കരസ്ഥമാക്കി ബത്തേരി നഗരസഭ







































