ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് യുവാവ് മരിച്ച അപകടത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ സുഹൃത്ത് അനീസിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടു വീണാണ് അപകടം നടന്നത്.
ഈ മാസം 16ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പിറകിൽ സഞ്ചരിച്ച മറ്റൊരു ബൈക്ക് യാത്രികന്റെ ക്യാമറയിലാണ് പതിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. മലമുകളിൽ മരം ഒടിഞ്ഞു വീണ് ഇളകിയ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിക്കുകയായിരുന്നു.
250 മീറ്റർ മുകളിൽ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പാറ കല്ലിനൊപ്പം മരിച്ച അഭിനവും സുഹൃത്തും താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താമരശ്ശേരി ചുരത്തിൽ ആദ്യമായാണ് പാറക്കല്ല് വീണ് യാത്രക്കാരൻ മരിക്കുന്നത്. അപകടശേഷം ദേശീയപാതാ അധികൃതർ സ്ഥലം സന്ദർശിക്കുകയും ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തുകയും ചെയ്തിരുന്നു.
Most Read: ദ്വിദിന സന്ദർശനം; മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും







































