കണ്ണൂർ: ജില്ലയിലെ തോട്ടട ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ തിരയിൽ പെട്ട് മരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വിദ്യാർഥികൾ തിരയിൽ പെട്ടതിനെ തുടർന്ന് സമീപവാസികൾ കയറും മരക്കഷ്‌ണങ്ങളും ഇട്ടു കൊടുത്താണ് രക്ഷപെടുത്തിയത്.
ബീച്ചിൽ കുളിക്കാനായി ഇറങ്ങുന്ന ആളുകൾ തിരയിൽ പെടുന്നത് നിലവിൽ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. ഇതിന് കാരണം കടലിലെ ചില പ്രത്യേക പ്രതിഭാസം ആണെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ അപകടങ്ങൾ തുടരെ ഉണ്ടാകുന്ന സാഹചര്യത്തിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപണം ഉന്നയിക്കുന്നത്.
Read also: ‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിക്കാറില്ല’; അതൃപ്‌തി പ്രകടമാക്കി തിരുവഞ്ചൂർ
ചെറുതാണെങ്കിൽ പോലും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നതാണ് തോട്ടട ബീച്ച്. പ്രതിദിനം ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുമുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ സുരക്ഷയുടെ ഭാഗമായി അപകട മുന്നറിയിപ്പ് ബോർഡ് സ്‌ഥാപിക്കുകയോ, സഞ്ചാരികൾക്ക് നിർദ്ദേശം നൽകി രക്ഷാപ്രവർത്തനം നടത്താൻ ലൈഫ് ഗാർഡിനെ നിയമിക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
കൂടാതെ ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ ലഹരിമരുന്ന് ഉപയോഗവും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ തന്നെ ബീച്ചിൽ കൃത്യമായ പോലീസ് പരിശോധനയും സുരക്ഷാ സംവിധാനങ്ങളും വേണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം.
Read also: എവി ഗോപിനാഥ് തിരികെ വരുമെന്നാണ് പ്രതീക്ഷ; കെ സുധാകരന്‍




































