തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പുറപ്പെടുവിച്ചത്.
അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന്, വഴിയിൽ തടഞ്ഞുനിർത്തി അജിൻ ആക്രമിക്കുകയായിരുന്നു.
രാവിലെ ചിലങ്ക ജങ്‌ഷനിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്‌ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ സഹപാഠിതാക്കളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി നൽകിയ മൊഴി.
70 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രണ്ടുനാൾ നീണ്ട ചികിൽസയ്‌ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്‌ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്





































