തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് പ്രതാപ് പോത്തൻ.
1978ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. തുടർന്ന് 80കളിൽ മലയാളം, തമിഴ് സിനിമകളിൽ പ്രതാപ് ഒരു തരംഗമായി മാറിയിരുന്നു. പിന്നീട് തകര എന്ന ചിത്രത്തിൽ വേഷമിട്ട പ്രതാപ് മലയാളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് പ്രതാപ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്.
ഒപ്പം തന്നെ ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു. കൂടാതെ സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിന് പ്രതാപ് തിരക്കഥ ഒരുക്കുകയും ചെയ്തു. 1952ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തൻ, തന്റെ സ്കൂൾ പഠനകാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. തുടർന്ന് ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയും, പിന്നീട് സിനിമ മേഖലയിലേക്ക് കടന്നു വരികയും ചെയ്യുകയായിരുന്നു.
പ്രശസ്ത ചലച്ചിത്ര താരം രാധികയുമായി 1985ൽ പ്രതാപ് പോത്തന്റെ വിവാഹം കഴിഞ്ഞെങ്കിലും താമസിയാതെ വിവാഹബന്ധം വേർപെടുത്തി. തുടർന്ന് 1990ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012ൽ ഈ വിവാഹബന്ധവും വേർപെടുത്തി. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.
Read also: താരപ്രതിഫലം കുറയ്ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും





































