പ്രശസ്‌ത ചലച്ചിത്ര താരം പ്രതാപ് പോത്തൻ അന്തരിച്ചു

By Team Member, Malabar News
Actor And Director Prathap Pothan Died
Ajwa Travels

തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് പ്രതാപ് പോത്തൻ.

1978ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്‌ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. തുടർന്ന് 80കളിൽ മലയാളം, തമിഴ് സിനിമകളിൽ പ്രതാപ് ഒരു തരംഗമായി മാറിയിരുന്നു. പിന്നീട് തകര എന്ന ചിത്രത്തിൽ വേഷമിട്ട പ്രതാപ് മലയാളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്‌ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് പ്രതാപ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്.

ഒപ്പം തന്നെ ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്‌തു. കൂടാതെ സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിന് പ്രതാപ് തിരക്കഥ ഒരുക്കുകയും ചെയ്‌തു. 1952ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തൻ, തന്റെ സ്‌കൂൾ പഠനകാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. തുടർന്ന് ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയും, പിന്നീട് സിനിമ മേഖലയിലേക്ക് കടന്നു വരികയും ചെയ്യുകയായിരുന്നു.

പ്രശസ്‌ത ചലച്ചിത്ര താരം രാധികയുമായി 1985ൽ പ്രതാപ് പോത്തന്റെ വിവാഹം കഴിഞ്ഞെങ്കിലും താമസിയാതെ വിവാഹബന്ധം വേർപെടുത്തി. തുടർന്ന് 1990ൽ അമല സത്യനാഥിനെ വിവാഹം ചെയ്‌തു. 2012ൽ ഈ വിവാഹബന്ധവും വേർപെടുത്തി. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

Read also: താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE