കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിലനിൽക്കുന്നത് ജംഗിൾ രാജ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിന്റെ പ്രധാന ഇരകൾ സ്‌ത്രീകൾ ആണെന്നും സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് 24 പർഗാനാസിലെ ബംഗാവോണിൽ ആയിരുന്നു പൊതുറാലി. തൃണമൂൽ കോൺഗ്രസ് അതിന്റെ സ്‌ഥാപക മുദ്രാവാക്യത്തെ (മാ, മാട്ടി, മാനുഷ്- അമ്മ, മണ്ണ്, മനുഷ്യൻ) വഞ്ചിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘അമ്മ’ കരയുന്നു, ‘മണ്ണ്’ നുഴഞ്ഞുകയറ്റക്കാരുടേത് ആയി, ‘മനുഷ്യൻ’ ഭയന്നിരിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടകളെയും പീഡകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. സന്ദേശ്‌ഖാലിയിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ബിജെപി സർക്കാർ അധികാരത്തിലെത്തുന്ന മേയ് നാലിന് ശേഷം കുറ്റവാളികൾക്ക് രക്ഷയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകി.
സ്‌ത്രീകൾക്ക് സുരക്ഷയും അവസരങ്ങളുമാണ് ബിജെപിയുടെ മുൻഗണന. അധികാരത്തിൽ വന്നാൽ സ്‌ത്രീകൾക്ക് പ്രതിവർഷം 36,000 രൂപയും സർക്കാർ ജോലികളിൽ 33 ശതമാനം സംവരണവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ ശമ്പള വർധന, ഗർഭകാലത്ത് 21000 രൂപയുടെ സഹായം, ബിരുദ പഠനത്തിന് പെൺകുട്ടികൾക്ക് 50,000 രൂപ എന്നിങ്ങനെയുള്ള ക്ഷേമപദ്ധതികളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
ഈമാസം 29നാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്. 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.78% പോളിങ്ങാണ് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് വോട്ടെണ്ണൽ.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം







































