തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന പാശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി, കൊടും ചൂടിൽ അതീവ ജാഗ്രത വേണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
പൊതുയിടങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം, ഒആർഎസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം.
വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും, ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. കുടിവെള്ളവും സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണം.
കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, ക്ളബുകൾ, മറ്റു സർവീസ്, സന്നദ്ധ, ട്രേഡ് യൂണിയൻ സംഘടനകൾ തുടങ്ങിയവരെല്ലാം ചേർന്ന് പരമാവധി സ്ഥലങ്ങളിൽ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.
സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നലുകളുടെ സമയ ദൈർഘ്യം കുറയ്ക്കുന്നത് സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കലക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയവയ്ക്ക് കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.
Most Read| എച്ച്1 ബി വിസ 3 വർഷത്തേക്ക് നിർത്തിവെക്കും?







































