ചെന്നൈ: ലഹരിയിടപാട് കേസിൽ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്‌ണയും അറസ്‌റ്റിൽ. കൃഷ്‌ണ ലഹരി പാർട്ടികളിൽ സ്‌ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന കൃഷ്‌ണയെ ബുധനാഴ്‌ചയാണ് തൗസൻഡ് ലൈറ്റ്സ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ബസന്റ് നഗറിലെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്‌തു. കെവിൻ എന്നയാളിൽ നിന്ന് കൃഷ്‌ണ കൊക്കെയ്‌ൻ വാങ്ങി ഉപയോഗിച്ചതായും സുഹൃത്തുക്കൾക്ക് കൈമാറിയതായും വ്യക്‌തമായതോടെയാണ് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നുമാണ് കൃഷ്‌ണ പോലീസിനോട് പറഞ്ഞത്. എന്നാൽ, ലഹരി വിൽപ്പനക്കാരെ ബന്ധപ്പെടുന്നതിനുള്ള കോഡ് വാക്കുകൾ നടന്റെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ നടൻ സജീവമാണെന്നും ലഹരി ഉപയോഗിച്ച വിവരം പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
കെവിനുമായി നടത്തിയ പണമിടപാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംവിധായകൻ വിഷ്‌ണുവർധന്റെ സഹോദരനായ കൃഷ്‌ണ 20ലേറെ സിനിമകളിലും ഏതാനും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്‌റ്റിലായത്. മുൻ അണ്ണാ ഡിഎംകെ നേതാവ് പ്രസാദ്, ഘാന സ്വദേശി ജോൺ, പ്രദീപ് എന്നിവരെ ആദ്യം അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ ശ്രീകാന്തിനെയും അറസ്‌റ്റ് ചെയ്‌തു. കൃഷ്‌ണയെ ജൂലൈ പത്തുവരെ റിമാൻഡ് ചെയ്‌തു. ശ്രീകാന്ത് ജൂലൈ ഏഴുവരെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!