ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്‌ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകർ മുകുൾ റോഹ്‌തഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചു. കേസ് മാറ്റിവെക്കുന്നതിനെയും സർക്കാർ എതിർത്തു. സംസ്‌ഥാന സർക്കാരിന് വേണ്ടി രഞ്ജിത് കുമാർ, സ്‌റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ ഹാജരായി. താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സർക്കാരിനോട് ചോദിച്ചു.
രണ്ടുതവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്‌തമാണെന്ന സ്‌ഥിരം മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പ്രസക്‌തമായത് ഏതാണെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
2016ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്‌തുവെന്നാണ് പരാതി. മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് സിനിമാ ചർച്ചകൾക്കായി വിളിച്ചു ലൈംഗികമായി പീഡിപ്പിച്ചതെന്നും നടി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!