കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗ കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്‌റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
അറസ്‌റ്റ് രേഖപ്പെടുത്തിയാൽ സിദ്ദിഖിനെ വിട്ടയക്കേണ്ടിവരും. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഇതോടെ ഇല്ലാതാകും. അതേസമയം, രണ്ടുദിവസത്തിനുള്ളിൽ പോലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്.
സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി നേടുന്നതിന് മുൻപ് സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സിദ്ദിഖിന്റേയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും അടുത്ത നീക്കമെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കില്ല എന്നാണ് സൂചന.
ഇത്തരത്തിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നോട്ടീസ് നൽകി ഹാജരാകാൻ ആവശ്യപ്പെട്ടാൽ അപ്രകാരം ചെയ്യാനാണ് സിദ്ദിഖിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സിദ്ദിഖിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
എസ്ഐടിക്ക് ലഭിക്കുന്ന നിയമോപദേശത്തിന്റെ കൂടി അടിസ്‌ഥാനത്തിലാകും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക. ഈ മാസം 22ന് കേസ് സുപ്രീം കോടതി വീണ്ടും വീണ്ടും പരിഗണിക്കുമ്പോൾ താൽക്കാലിക മുൻകൂർ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഉന്നയിക്കണമെങ്കിൽ, ഏത് മാർഗം സ്വീകരിക്കണമെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
Most Read| ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും