കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ ഓർമയായി. 69 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30നാണ് അന്ത്യം.
1956 ഏപ്രിൽ നാലിന് കണ്ണൂർ തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ ശ്രീനിവാസൻ, 1977ൽ പിഎ ബക്കറുടെ ‘മണിമുഴക്കം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.
ബക്കറുടെയും അരവിന്ദന്റേയും കെജി ജോർജിന്റെയുമടക്കമുള്ള നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. പഞ്ചവടിപ്പാലം, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത അദ്ദേഹം പതുക്കെ തിരക്കഥയിലേക്ക് കടന്നു. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകി ഒരുക്കിയ ചിത്രങ്ങളിലൂടെ ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ സിനിമാലോകത്ത് സ്വന്തം സ്‌ഥാനം ഉറപ്പിച്ചു.
സൻമനസുള്ളവർക്ക് സമാധാനം, ടിപി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കി.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്‌ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയിരുന്നു. 1991ൽ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്‌ട്രീയവും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ചയാണ്. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.
അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ ശ്രീനിവാസൻ എന്ന പ്രതിഭ മലയാളിയുടെ മനസിൽ ഇടംപിടിച്ചതാണ്. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ നിസ്സഹായരായ പച്ചയായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും സൂക്ഷ്‌മമായി തന്നെ ആവിഷ്‌കരിക്കപ്പെട്ടിരുന്നു.
ജീവിതാനുഭവങ്ങളുടെ അലകടലിൽ നിന്ന് തിരയടിക്കുമ്പോഴാണ് ശ്രീനിവാസന്റെ ചിരികൾക്ക് ജീവനുണ്ടാകുന്നത്. ശ്രീനിവാസനിൽ ചിരിയില്ലാത്ത സംഭാഷണങ്ങളില്ല. പ്രേക്ഷകനെ ചിരിപ്പിക്കുന്നതിനപ്പുറം ചിന്തിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പാഠവം കാലാതീതമാണ്.
ശ്രീനിവാസൻ സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന അവാർഡ്, ചിന്താവിഷ്‌ടയായ ശ്യാമള 1998ലെ സാമൂഹികവിഷയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി. മഴയെത്തും മുൻപേ (1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം നേടി.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത. സംസ്‌കാരം പിന്നീട്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി






































