ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ളാസ് താമസ സൗകര്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി പോലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും.
ശ്രീകാന്തിനെതിരെ നർക്കോട്ടിക് നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നടൻ ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. പത്തുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ച വൈകീട്ടാണ് ശ്രീകാന്തിനെ നുങ്കംപാക്കം പോലീസ് അറസ്റ്റ് ചെയ്തത്. നടന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്ന് ലഹരി പിടിച്ചെടുത്ത പോലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, ശ്രീകാന്ത് എഗ്മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തനിക്ക് മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്. ലഹരി ഇടപാടിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. 43 തവണയായി അഞ്ചുലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്നാണ് സൂചന. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു.
ചെന്നൈയിലെ വിവിധ പമ്പുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതിനാൽ, കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ കൃഷ്ണയെയും പോലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്ക് പോലീസ് സമൻസ് അയച്ചു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൃഷ്ണ കേരളത്തിലാണുള്ളത്.
തമിഴ്നാടിനകത്തും പുറത്തുമായുള്ള മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർ പിടിയിലായതിന് പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവ് പ്രസാദാണ് ശ്രീകാന്തിന്റെ പേര് വെളിപ്പെടുത്തുന്നത്. പ്രസാദ് നിർമിച്ച ഒരു സിനിമയിൽ ശ്രീകാന്ത് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും കൊക്കെയ്ൻ ഉപയോഗം തുടങ്ങിയതെന്ന് പറയുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































