കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്ഡെന്നും സിനിമാ പ്രവർത്തകർ ഒത്തുകൂടുന്ന ഇടമാണിതെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. എന്നാൽ സുരാജിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം ഒന്നും കണ്ടെത്തിയില്ല എന്നാണ് റിപ്പോർട്.
അതേസമയം, വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസ്യ യോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
വധഗൂഢാലോചന കേസുമായി അന്വേഷണസംഘം മുന്നോട്ട് പോകുന്നത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ആണെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസമാണ് ഗൂഢാലോചന കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹരജിയിൽ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്.
Most Read: ‘ആധുനിക കാലത്തെ ജിന്ന’; രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം രൂക്ഷമാക്കി അസം മുഖ്യമന്ത്രി





































