കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്‌ച സമർപ്പിക്കാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേർത്തത്. കേസിലെ 15ആം പ്രതിയായി ശരത്തിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത്.
ഈ റിപ്പോർട് മജിസ്‌ട്രേറ്റ് കോടതി സെഷൻസ് കോടതിക്ക് കൈമാറും. മെയ് 31നകം തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട് കൈമാറുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ശരത്തിന്റെ അറസ്‌റ്റ്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
Most Read: മഴക്ക് ശമനം; സംസ്‌ഥാനത്ത് മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു







































