ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ജഡ്‌ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. സ്‌പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറെ സർക്കാരിന് വേണമെങ്കിൽ മാറ്റാമെന്ന് പറഞ്ഞ കോടതി, വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നും ചോദിച്ചു.
വിചാരണ കോടതി ജഡ്‌ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും പല പ്രധാന മൊഴികളും രേഖപ്പെടുത്തുന്നില്ലെന്നും നടി ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകൻ അധിക്ഷേപകരമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ലെന്നും നടി ആരോപിച്ചിരുന്നു. നിരവധി അഭിഭാഷകരുടെ മുന്നിലാണ് വിചാരണ നടന്നതെന്നും, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ലെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആവശ്യങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പുനരാരംഭിക്കാൻ ഇരിക്കെയായിരുന്നു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Also Read: ഫ്ളാറ്റിൽ നിന്ന് സ്‌ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു







































