കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്‌തികരമെന്ന് പോലീസ്. പ്രയാഗയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗ ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിയില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. അതേസമയം, ലഹരി പരിശോധനക്ക് സാമ്പിളുകൾ ശേഖരിക്കാൻ സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു.
എന്നാൽ, നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പോലീസ്. മൊഴികൾ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കുക. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡാൻസാഫ് സംഘത്തിനാണ് ഓം പ്രകാശുമായി ഇടപെട്ട് ചില ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഞായറാഴ്‌ച പോലീസെത്തി കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ നിന്ന് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
നാല് ലിറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള ചില അവശിഷ്‌ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും അന്നേ ദിവസമേ ഹോട്ടലിൽ എത്തിയതാണ് കേസന്വേഷണം താരങ്ങളിലേക്ക് നീണ്ടത്.
എന്നാൽ, ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പോലീസ് നിഗമനം.
Most Read| ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം