മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ അബോധാവസ്‌ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ, പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്ന് മുംബൈ പോലീസ് അറിയിച്ചു. മുംബൈയിലെ ബൊല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ ഒരുമണിയോടെയാണ് വിവരം അറിഞ്ഞതെന്ന് മുംബൈ പോലീസ് അറിയിച്ചു. പോലീസ്, ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. 2002ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്‌തിയിലേക്ക് ഉയർന്നത്. ഈ ഗാനം വലിയ തരംഗമായി മാറി. അന്ന് 20 വയസായിരുന്നു ഷെഫാലിയുടെ പ്രായം.
പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം ഭർത്താവ് പരാഗ് ത്യാഗിയും നാച്ച് ബലിയെ 5, നാച്ച് ബലിയെ 7 എന്നീ ഡാൻസ് ഷോകളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13ആം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്‌തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണ് നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി