കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് (1) കോടതി കേസ് ഈമാസം 23ന് വീണ്ടും പരിഗണിക്കും. അഡീഷണൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്‌ക്ക് എടുത്തേക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പിപി ദിവ്യയാണ് കേസിലെ ഏക പ്രതി. 2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ദിവ്യയ്‌ക്ക് എതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് അവരുടെ അഭിഭാഷകൻ കെ.വിശ്വൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!