തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ഇപ്പോഴത്തെ പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്‌ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഉൾപ്പടെ നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്ക് സ്‌ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്‌ടറും അടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്‌ഥാനക്കയറ്റം ശുപാർശ ചെയ്‌തത്. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവ സംബന്ധിച്ച് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണവുമുണ്ട്.
എന്നാൽ, വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ട് മാത്രം സ്‌ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീം കോടതി വിധികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്‌ഥാനക്കയറ്റ ശുപാർശ നൽകിയത്. കോടതിയിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്‌ത് വിചാരണയ്‌ക്ക് കാത്തിരിക്കുകയാണെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെൻഷനിൽ നിൽക്കുകയാണെങ്കിലോ മാത്രമേ സ്‌ഥാനക്കയറ്റത്തിൽ നിന്ന് മാറ്റി നിർത്താൻ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ







































