വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. യുഎസിലാണ് ഈ വിചിത്രമായ സൗന്ദര്യ മൽസരം നടക്കാൻ പോകുന്നത്. മനുഷ്യർക്ക് പകരം വവ്വാലുകളാണ് ഈ മൽസരത്തിൽ അണിനിരക്കുന്നത്. യുഎസിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെന്റാണ് ഈ മൽസരം നടത്തുന്നത്.
വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മൽസരത്തിന്റെ പ്രധാന സവിശേഷത. ഹോറി പോട്ടർ, സർ ഫ്‌ലാപ്‌സ് എ ലോട്ട്, റോബർട്ട് ബാറ്റിൻസൻ, ബാറ്റ് ഡാമൺ തുടങ്ങിയവയാണ് ഇവയിൽ ചിലരുടെ പേരുകൾ. ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മൽസരം സംഘടിപ്പിക്കുന്നത്. വവ്വാലുകളുടെ പ്രാധാന്യത്തെ കുറിച്ചും അവ നേരിടുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളെ കുറിച്ചുമുള്ള അവബോധം സൃഷ്‌ടിക്കലാണ് ഈ മൽസരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കോവിഡ് കാലം തുടങ്ങിയ ശേഷം വവ്വാലുകൾ ഇന്ത്യയുൾപ്പെടെ പലയിടങ്ങളിലും ആക്രമണങ്ങൾക്ക് ഇരയായിരുന്നു. കൊറോണ വൈറസ് ഇവ പരത്തുന്നുണ്ടെന്ന ആശങ്കയിലാണ് ആക്രമണങ്ങൾ നടന്നത്. പലയിടത്തും വവ്വാലുകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവങ്ങൾ പോലുമുണ്ടായി. എന്നാൽ, വവ്വാലുകൾ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് ജന്തു ശാസ്‌ത്രജ്‌ഞർ പറയുന്നു.
പല പൂക്കളിലും പരാഗണം നടത്തുന്നത് ഇവയാണ്. ഇക്കൂട്ടത്തിൽ ധാരാളം പഴചെടികളും ഉൾപ്പെടും. പഴവർഗങ്ങളുടെ വിത്തുകൾ വിവിധയിടങ്ങളിലായി വ്യാപിപ്പിച്ച് വിതരണം ചെയ്യാനും ഇവ സഹായകമാണ്. കൃഷിക്ക് വിനാശകരമാകുന്ന ഒട്ടേറെ കീടങ്ങളെ തിന്നൊടുക്കുന്നതിനാൽ കർഷകർക്കും ഒരു ചങ്ങാതിയാണ് വവ്വാലുകളെന്നും ശാസ്‌ത്രജ്‌ഞർ പറയുന്നു.
Health| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!