തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി രാത്രി സെക്രട്ടറിയേറ്റിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
എഡിജിപിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. അജിത് കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോർട് ഡിജിപി എസ് ദർവേഷ് സാഹിബ് ഇന്നലെയാണ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിൽ എഡിജിപിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ അന്വേഷണ റിപ്പോർട് എന്നാണ് സൂചന. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു. പിവി അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പോലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.
റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധനക്കേസിലെ ആദ്യഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുള്ളത്. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്.
ഓഗസ്റ്റ് അവസാനം പത്തനംതിട്ട എസ്പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് 32ആം ദിവസമാണ് നടപടി.
Most Read| ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’; പുതിയ സംഘടന പ്രഖ്യാപിച്ച് പിവി അൻവർ