തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വത്തിലെ ചിലർ തൽപ്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം പ്രശ്‌നം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കമുണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ, പക്ഷേ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏത് രാഷ്‌ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തലില്ല. അതേസമയം, ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട്, ആർഎസ്എസിന്റെ സംസ്‌ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
‘തിരുവമ്പാടി ദേവസ്വം ആദ്യം മുതൽ തന്നെ നിയമവിരുദ്ധവും നടപ്പാക്കാൻ സാധിക്കാത്തതുമായ ആവശ്യങ്ങൾ ഉന്നയിച്ചും ചെറിയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ചും പൂരം പൂർത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി. പൂരം നിർത്തിവെപ്പിച്ചു സംസ്‌ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്‌ടിക്കാൻ ശ്രമിച്ചു. ദേവസ്വം ഭാരവാഹികളും തൽപര കക്ഷികളും ചേർന്ന് സ്‌ഥാപിത താൽപര്യത്തിനായി പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഷയലാഭത്തിനായി തൽപരകക്ഷികൾ ഉപയോഗിച്ചു’- റിപ്പോർട്ടിൽ പറയുന്നു.
പോലീസ് നിയമപരമായാണ് പ്രവർത്തിച്ചതെന്നും കമ്മീഷണർ അങ്കിത് അശോകന്റെ പ്രവർത്തനത്തോടുള്ള നീരസം ചില പോലീസ് ഉദ്യോഗസ്‌ഥർ പൂര വിഷയത്തിൽ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. സംസ്‌ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ സെപ്‌തംബറിലാണ് എഡിജിപി എംആർ അജിത് കുമാർ റിപ്പോർട് സമർപ്പിച്ചത്. എന്നാൽ, ഈ റിപ്പോർട് എഡിജിപി തള്ളിയിരുന്നു.
വീഴ്‌ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പിന്നാലെ, ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിന്റെ ഭാഗത്ത് പൂരം സുരക്ഷയിൽ വീഴ്‌ച സംഭവിച്ചോ എന്ന് പരിശോധിക്കണം എന്ന കത്തോടെയാണ് ഡിജിപി ഈ റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടർന്ന്, തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു.
ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറിയിലെ ഗൂഢാലോചനയിൽ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. വിഷയത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂർത്തിയായിട്ടില്ല.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല