തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്‌ച അജിത് കുമാർ സമ്മതിച്ചത്. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എംആർ അജിത് കുമാർ അവിടെ എത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് ചെയ്‌തിരുന്നു.
ആർഎസ്എസിന്റെ പോഷക സംഘടനയായ വിജ്‌ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ മേലുദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയതിനാൽ അജിത് കുമാറിന്റെ വാഹനത്തിന്റെ ലോഗ്‌ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്ന് വ്യക്‌തമാകും.
അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്‌ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിന് മുമ്പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും പോലീസ് ഉന്നതർ പറയുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് അടുത്തദിവസം തന്നെ മേലുദ്യോഗസ്‌ഥർ വഴി സംസ്‌ഥാന പോലീസ് മേധാവിക്കും ഇന്റലിൻജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു.
എന്നാൽ, റിപ്പോർട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാത്തതിനാൽ പുറത്തേക്ക് വരില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതിന് അനുസരിച്ചാണ് കൂടിക്കാഴ്‌ചയെങ്കിൽ തുടർനടപടിയുണ്ടാകില്ല. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വെളിപ്പെടുത്തിയത്.
ഇക്കാര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു. അതേസമയം, സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടിക്കാഴ്‌ചാ വിവാദം അന്വേഷിക്കും.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്