
പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണൽ സ്‌റ്റാഫുകളും ട്രാക്‌ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്‌ഠ നടന്ന ദിവസമാണ് അജിത് കുമാർ ശബരിമലയിൽ എത്തിയത്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്‌ടറിൽ യാത്ര ചെയ്‌തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം, സംഭവത്തിൽ അജിത് കുമാർ ഡിജിപിക്ക് വിശദീകരണം എഴുതി നൽകി. മല കയറുന്ന സമയത്താണ് ട്രാക്‌ടർ വന്നതെന്നും കാലുവേദന അനുഭവപ്പെട്ടതുകൊണ്ടാണ് ട്രാക്‌ടറിൽ കയറിയതെന്നും വിശദീകരണത്തിൽ പറയുന്നു.
ഈ മാസം 12നാണ് ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പോലീസിന്റെ ട്രാക്‌ടറിൽ അജിത് കുമാർ ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്‌തത്. സംഭവത്തെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത് നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ട്രാക്‌ടർ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ വിമർശനം. 2021ലാണ് ട്രാക്‌ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്‌ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റാരും അതിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവ്.
എന്നാൽ, ഈ ഉത്തരവ് ലംഘിച്ചായിരുന്നു അജിത് കുമാറിന്റെ യാത്ര. പോലീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രാക്‌ടറിലാണ് അജിത് കുമാർ യാത്ര നടത്തിയത്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്നു ഡ്രൈവർ. സംഭവത്തിൽ പമ്പ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അതിനിടെ സംഭവത്തിൽ വിശദപരിശോധന നടത്തണമെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി