തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട് എഡിജിപി തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് എബ്രഹാം റിപ്പോർട് തള്ളിയത്.
ഇതോടെ വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട് സമർപ്പിക്കാൻ എഡിജിപി നിർദ്ദേശം നൽകുകയായിരുന്നു. ഇപി ജയരാജന്റെ ഉൾപ്പടെ മൊഴികളിൽ വ്യക്‌തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ. ആത്‌മകഥ ഇപി ജയരാജൻ തന്നെ എഴുതിയതാണോ അല്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
ആത്‌മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നാണെങ്കിൽ അതിന് പിന്നിലെ ഉദ്ദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്‌തത വേണമെന്നാണ് എഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഡിസി ബുക്‌സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇപി ജയരാജൻ, പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്‌തത വരുത്തിയിരുന്നില്ല. ആത്‌മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പടെ എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്‌തത വരുത്തിയിട്ടില്ല.
സിപിഎമ്മിനെ രാഷ്‌ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു ഇപി ജയരാജന്റെ ആത്‌മകഥയിലെ പുറത്തുവന്ന ഭാഗങ്ങൾ. ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിയെ തള്ളിപ്പറയുന്നതും ജാവ്‌ദേക്കർ കൂടിക്കാഴ്‌ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്.
ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്‌ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇപി ജയരാജന്റെ ആത്‌മകഥ സാധാരണ നിലയിൽ സിപിഎമ്മിന്റെ രാഷ്‌ട്രീയ ചരിത്രമായി കൂടി മാറേണ്ടതാണ്. എന്നാൽ, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്‌മകഥ പാർട്ടിയെ പലവിധത്തിൽ വെട്ടിലാക്കുന്നതായി മാറി.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി








































